ആദിവാസി ഉന്നമനത്തിനായി പ്രവർത്തിക്കുന്ന തമ്പിന്റെയും പീസ് കളക്ടീവിന്റെയും നേതൃത്വത്തിൽ അട്ടപ്പാടിയിലെ ആദിവാസി അമ്മമാർ നിർമ്മിക്കുന്ന കാർത്തുമ്പി കുടകളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ്‌ 27ന് അട്ടപ്പാടിയിൽ നടന്നു. പട്ടികവർഗ്ഗക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ കേരളത്തിലെ ഐടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസ് ജനറൽ സെക്രട്ടറി ആനന്ദിന് കുട നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ തമ്പ് സെക്രട്ടറി ശ്രീ രാജേന്ദ്രപ്രസാദ് പങ്കെടുത്തു.

‘കുട വാങ്ങാം കൂടെ നിൽക്കാം’ എന്നുള്ള തലക്കെട്ടോടെ അവതരിപ്പിച്ച കാർത്തുമ്പിക്ക് ഐടി ലോകത്തു നിന്നും ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. പ്രോഗ്രസീവ് ടെക്കീസ് കേരളത്തിലെ ഐടി പാർക്കുകളിൽ നടത്തിയ പ്രചാരണത്തിന്റെ ഭാഗമായി 1000ത്തോളം കുടകൾക്കുള്ള ഓർഡർ നേരിട്ട് ലഭിച്ചു. ഇതിനു പുറമെ പുറത്തു നിന്നും 5000 കുടകൾക്കുള്ള ഓർഡർ ലഭിച്ചു. 100 രൂപ വിലയുള്ള പ്രീ സെയിൽ കൂപ്പൺ വാങ്ങി കുട ഓർഡർ ചെയ്ത ടെക്കി സമൂഹം കുടകൾക്കായി കാത്തിരിക്കുകയാണ്. 350 രൂപ വിലയുള്ള കുടകൾ വിതരണം ചെയ്യുമ്പോൾ ബാക്കി 250 രൂപ ജീവനക്കാർ നൽകും.

കുടകൾ വാങ്ങുന്നതിനായി പ്രോഗ്രസീവ് ടെക്കീസ് സമാഹരിച്ച തുകയുടെ ചെക്ക് ചടങ്ങിൽ വെച്ച് ആനന്ദ് തമ്പ് ഭാരവാഹികൾക്ക് കൈമാറി. പ്രസ്തുത ചടങ്ങിൽ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് ഐടി പാർക്കുകളിലെ പ്രതിനിധീകരിച്ച് പ്രോഗസീസ് ടെക്കീസ് അംഗങ്ങൾ ആയ അനീഷ് പന്തലാനി, അജേഷ്, സന്ദീപ്, ഹരീഷ്, അഭിഷേക്, അഭിജിത് എന്നിവർ പങ്കെടുത്തു. ഒരു ദിവസം ആദിവാസി അമ്മമാരോടൊപ്പം ചെലവിടുകയും ഭാവി പ്രവർത്തങ്ങൾക്ക് പ്രോഗ്രസീവ് ടെക്കീസിന്റെ പിന്തുണ അറിയിക്കുകയും ചെയ്തു.