കോഴിക്കുഞ്ഞ് ഇന്ന്‍ നേരത്തേ എണീറ്റു. പ്രഭാതസൂര്യന്‍റെ കിരണങ്ങളേറ്റ് തിളങ്ങുന്ന മഞ്ഞുതുള്ളികള്‍; ഈ ലോകം എത്ര സുന്ദരമാണ്! പ്രസരിപ്പോടെ അരിമണികള്‍ കൊത്തിത്തിന്നുകൊണ്ട് കോഴിക്കുഞ്ഞ് നടന്നു. തന്‍റെ ചുറ്റും കാണുന്ന ഓരോന്നിനേയും അവന്‍ അതിശയത്തോടെ നോക്കി. പലതും അവന്‍ പഠിച്ച് വരുന്നതേയുള്ളൂ. അപ്പോഴാണ് ഒരു ചിത്രശലഭം അതിലേ വന്നത്. കൌതുകത്തോടെ കോഴിക്കുഞ്ഞ് അതിന്‍റെ പുറകേ ചെന്നു.

“ഹായ് എന്തൊരു ഭംഗി! എനിക്കും അത് പോലൊരുടുപ്പ് കിട്ടിയിരുന്നെങ്കില്‍.” കോഴിക്കുഞ്ഞ് കൊതിച്ചുപോയി.

നടന്ന്‍ നടന്ന്‍ കോഴിക്കുഞ്ഞ് വേലിക്കരികിലെത്തി. ദൂരേക്കൊന്നും പോകരുതെന്ന അമ്മക്കോഴിയുടെ ഉപദേശമൊക്കെ മറന്ന്‍ കോഴിക്കുഞ്ഞ് ചിത്രശലഭത്തിനു പുറകേ ചാടി ചാടി ചെന്നു.

“എങ്ങോട്ടാ പോകുന്നേ?”

കോഴിക്കുഞ്ഞ് തിരിഞ്ഞുനോക്കി. കിട്ടന്‍ പട്ടിയാണ്.

“ഏയ് എങ്ങോട്ടൂല്ല വെറുതേ.”

“ങ്ങ്ഹാ. എന്തായാലും കൊള്ളാം. ഇവിടെയൊന്നും അധികനേരം നില്‍ക്കരുത്. അപകടം ഏതു നിമിഷവും വരാം. ഹും വേഗം അമ്മയുടെ അടുത്തേക്ക് ചെല്ല്.”

“അപകടമോ? ഇവിടെയെന്ത് കുഴപ്പം?” കോഴിക്കുഞ്ഞ് ചോദിച്ചു.

“ഈ വേലിക്കപ്പുറത്തുള്ളവര്‍ നമ്മുടെ ശത്രുക്കളാ.”

“ശത്രുക്കളോ?”

“അതേ. ഈ വേലി നമുക്കും അവര്‍ക്കും ഇടയ്ക്കുള്ള അതിരാണ്. ഇരുകൂട്ടരും ഈ അതിര് മറികടക്കാന്‍ പാടില്ല. അവര്‍ തക്കം പാത്തിരിക്കുകയാവും. അവസരം കിട്ടിയാല്‍ നമ്മുടെ കൂട്ടരെ അവര്‍ കൊല്ലും.”

“അയ്യോ!”

“അതാ പറഞ്ഞത്. ഇവിടെ ചുറ്റിക്കറങ്ങാതെ വേഗം അമ്മയുടെ അടുത്തേക്ക് പൊക്കോ.”

“അവരെന്തിനാ നമ്മളെ കൊല്ലുന്നേ?” കോഴിക്കുഞ്ഞിന്‍റെ സംശയം തീരുന്നില്ല.

“ഇത് ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല. വര്‍ഷങ്ങളായുള്ള പകയാ! അതൊന്നും പറഞ്ഞാല്‍ നിനക്ക് മനസ്സിലാകില്ല. ഇന്നലെത്തന്നെ ഒരുത്തനിവിടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ചു.”

“നുഴഞ്ഞുകയറുകയോ! എന്നുവച്ചാല്‍ എന്താ?” കോഴിക്കുഞ്ഞിന് വീണ്ടും സംശയം.

“ഓ! നിന്‍റെയൊരു സംശയം. നമ്മളെ ഉപദ്രവിക്കാന്‍ വേണ്ടി ഒളിച്ചും പതുങ്ങിയും ഈ വേലി കടന്ന്‍ വരുന്നതിനേയാണ് നുഴഞ്ഞുകയറ്റം എന്ന് പറയുന്നത്. മനസ്സിലായോ?”

“ഹൊ! എനിക്ക് പേടിയാകുന്നു. ഇന്നലെ വന്നവന്‍ പോയോ?”

“നീ പേടിക്കുകയൊന്നും വേണ്ട. ഞാനിവിടെയുള്ളപ്പോള്‍ ഒരുത്തനും ഇവിടെക്കയറി വിലസില്ല. ഇന്നലെ വന്ന ചാരന്‍ കണ്ടന്‍ പൂച്ചയെ ഞാന്‍ ശരിപ്പെടുത്തി!”

“ഹൊ! ചേട്ടന്‍റെയൊരു ധൈര്യം!” കോഴിക്കുഞ്ഞിന് അതിശയം.

“അതിന് കിട്ടിയതാ ഇത്.” കിട്ട ന്‍ പട്ടി ഗമയില്‍ തന്‍റെ കഴുത്തില്‍ കെട്ടിയ പുത്തന്‍ റിബണ്‍ കാണിച്ചുകൊടുത്തു.

“ങ്ങ്ഹാ. മതി മതി. നീ വേഗം പൊയ്ക്കോ. ഇന്നലെ നടന്നതിന് പകരം വീട്ടാന്‍ അവര്‍ കാത്തിരിക്കയാവും. ഇവിടെ നിന്നാല്‍ അപകടമാണ്.” കിട്ടന്‍ പട്ടി പോകുന്നു.

വേലിക്കപ്പുറം ശത്രുക്കളാണത്രേ! കിട്ടന്‍ പട്ടി പറഞ്ഞത് കോഴിക്കുഞ്ഞിന് മനസ്സിലാവുന്നില്ല. അവര്‍ നമ്മുടെ അയല്‍ക്കാരല്ലേ? ഈ വേലിക്കപ്പുറം ചെന്നാല്‍ കൊന്നുകളയുമത്രേ! ഒരാള്‍ക്ക് മറ്റൊരാളെ കൊല്ലാന്‍ തോന്നുന്നത് എങ്ങനാണാവോ? എത്ര ആലോചിച്ചിട്ടും കോഴിക്കുഞ്ഞിന് അതിന്‍റെ രഹസ്യം പിടികിട്ടിയില്ല. കോഴിക്കുഞ്ഞ് പലതും ചിന്തിച്ചങ്ങനെ നടന്നു.

വേലിക്കപ്പുറത്തു നിന്ന്‍ വന്ന കലപില ശബ്ദം കോഴിക്കുഞ്ഞിന്‍റെ ശ്രദ്ധയെ അങ്ങോട്ടേക്കാകര്‍ഷിച്ചു. അതാ അവിടെ തന്നേപ്പോലുള്ള നാലഞ്ച് കോഴിക്കുഞ്ഞുങ്ങള്‍ കൊത്തിപ്പെറുക്കി കളിച്ചു രസിക്കുന്നു.

ഇവിടെ താന്‍ തനിച്ചാണ്. സമപ്രായക്കാരാരും കൂടെ കളിക്കാനില്ല. അവരുടെ കളി നോക്കി നിന്ന കോഴിക്കുഞ്ഞിന് അവരോടുകൂടെ ചേരാന്‍ കൊതിയായി. പക്ഷേ അവര്‍ തന്‍റെ ശത്രുക്കളാണെന്നല്ലേ കിട്ടന്‍ പട്ടി പറഞ്ഞത്. അവരും തന്നെപ്പോലെ തന്നല്ലേ? അവരെങ്ങനെ ശത്രുക്കളാവും! അവര്‍ക്ക് താന്‍ ഒരുപദ്രവവും ചെയ്തിട്ടില്ല. അവരെ കാണുന്നത് തന്നെ ഇന്നാണ്.

കോഴിക്കുഞ്ഞ് തിരിഞ്ഞ് കിട്ടന്‍ പട്ടി തന്നെ ശ്രദ്ധിക്കുന്നുണ്ടോയെന്ന്‍ നോക്കി. ഇല്ല. കിട്ടന്‍ പട്ടിയെ കാണാനില്ല. ആഹാരം കഴിക്കാന്‍ പോയിരിക്കും. അമ്മക്കോഴിയെയും കാണാനില്ല. കോഴിക്കുഞ്ഞ് പതിയെ മുന്നോട്ട് നടന്നു. വേലിയുടെ വിടവിലൂടെ അവന്‍ അപ്പുറത്തെത്തി. അവന്‍ അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചിരിക്കുന്നു! കോഴിക്കുഞ്ഞ് ചുറ്റും നോക്കി. ആരുമില്ല. പിന്നേയും മുന്നോട്ട്. അവന്‍ കോഴിക്കുഞ്ഞുങ്ങളുടെ അടുത്തെത്തി.

“ചങ്ങാതിമാരേ..”

കളിച്ചുകൊണ്ടിരുന്ന കോഴിക്കുഞ്ഞുങ്ങള്‍ അവനെ ആശ്ചര്യത്തോടെ നോക്കി.

“ഘ്റും ങ്ങ്ഹും..” ഒരു മുരള്‍ച്ച.

കോഴിക്കുഞ്ഞ് ഞെട്ടിത്തിരിഞ്ഞ് നോക്കി. പിറകില്‍ പകയുളള രണ്ട് കണ്ണുകള്‍. ഒരു നിമിഷം. താനൊരു നുഴഞ്ഞുകയറ്റക്കാരനായി മാറിയത് കോഴിക്കുഞ്ഞ് തിരിച്ചറിഞ്ഞു. മണ്ണില്‍ മാത്രമല്ല, മനസ്സുകളില്‍ പോലും മതില്‍ക്കെട്ടുകള്‍ തീര്‍ത്ത് തമ്മില്‍ പൊരുതിക്കൊണ്ടിരിക്കുന്ന ലോകത്തെ മനസ്സിലാക്കാനാവാതെ ആ പാവം കോഴിക്കുഞ്ഞ് പ്രതികാരത്തിന്‍റെ ദംഷ്ട്രകളില്‍ കുടുങ്ങി രക്തസാക്ഷിയായി!