അസാധാരണമായ ആ കൊലപാതക കേസിന്റെ വിധി പ്രസ്താവിക്കുമ്പോൾ കോടതിയുടെ കാഴ്ചപ്പാട് വളരെ വ്യക്തമായിരുന്നു. “കൊലചെയ്ത വ്യക്തിയേക്കാൾ കൊല്ലപ്പെട്ടയാളാണ് കൊലപാതകത്തിന്റെ ഉത്തരവാദി” ഇതായിരുന്നു കോടതിയുടെ നിഗമനം. ഒരു ഭാവവ്യത്യാസവും ഇല്ലാതെ കൊലയാളി കോടതി വിധി കേൾക്കുകയായിരുന്നു. ചെയ്തത് എത്രമാത്രം വലിയ കുറ്റമാണെന്നുപോലും അവന് തിരിച്ചറിയാനുള്ള പ്രായം തികഞ്ഞിട്ടില്ല.
ആ നാട്ടിൽ നടന്ന ഏറ്റവും വലിയ ആഡംബര വിവാഹമായിരുന്നു ദീപക്കിന്റേത്. വിദേശത്ത് എെ. ടി കമ്പനിയിൽ ജോലി ചെയ്യുന്ന ദീപക്കിന്റെ വധു എെ. ടി കമ്പനിയിൽ തന്നെ ജോലി ചെയ്യുന്ന ദിവ്യയായിരുന്നു. സാമ്പത്തിക നിലയിൽ വളരെ മുന്നോട്ട് നിന്നിരുന്ന രണ്ട് കുടുംബങ്ങൾ ഒന്നിച്ച ദിനം നാടിന് ആഘോഷമായിരുന്നു. സൽസ്വഭാവിയായ ദീപക്കിന് ശരിക്കും ചേര്‍ന്ന പെണ്‍കുട്ടിയായിരുന്നു ദിവ്യ. സ്വന്തം കാല്യാണമാണെന്ന് പറഞ്ഞതുകൊണ്ട് 15 ദിവസത്തെ അവധി കമ്പനിയിൽ നിന്ന് നല്‍കിയിരുന്നു. പരമ്പരാഗതമായ ചടങ്ങുകൾ തട്ടിക്കൂട്ടി തീർക്കാനുള്ള സമയം മാത്രമേ അവർക്ക് കിട്ടിയൊള്ളു. അതോടെ തിരിച്ചുപോകാനുള്ള ദിവസമായി. അങ്ങനെയവർ വിമാനം കേറി.
തിരക്കുള്ള ആ പഴയ ജീവിത ശൈലിയിലേയ്ക്ക് അവർക്ക് പെട്ടന്ന് മാറേണ്ടിവന്നു. രാവിലെ ഏഴുമണിയോടെ ഫ്ലാറ്റിൽ നിന്നും ഇരുവരും ഇറങ്ങിയാൽ തിരികെ വരുന്നത് രാത്രിക്ക് ഏതെങ്കിലും സമയത്താണ്. പരസ്പരം മനസുതുറന്ന് സംസാരിക്കാൻ പോലും അവർക്ക് സമയം കിട്ടുന്നില്ല. ആഴ്ചയിലെ ഏക അവധി ഉറങ്ങി തീർക്കാൻ മാത്രമേ തികയാറൊള്ളു. ഇങ്ങനെയൊക്കെ ആണെങ്കിലും അവർ ജീവിതം ആസ്വദിച്ച് മുന്നോട്ട് നീക്കുന്നുണ്ട്.
ദീപക് ദിവ്യ ദമ്പതികള്‍ക്ക് ആദ്യ കുഞ്ഞ് പിറന്നു, അർജുൻ. ആദ്യ മാസങ്ങളിൽ നാട്ടിലേക്ക് വന്ന ദിവ്യ, അർജുന് ഒരുവയസ് തികഞ്ഞപ്പോൾ വിദേശത്തേക്ക് പറന്നു. പിന്നീടുള്ള ഒരു വർഷം അവൻ അമ്മയുടെ അമ്മക്കൊപ്പം വളർന്നു. അർജുൻ പെറ്റമ്മയുടെ സാമീപ്യം ആഗ്രഹിക്കുന്നുവെന്ന തിരിച്ചറിവ് അവനെ അമ്മയുടെ അടുത്ത് എത്തിച്ചു. രണ്ടാം വയസ്സ് മുതൽ അർജുൻ വിദേശവാസിയാണ്. നാട്ടിൻ പുറത്തെ ബഹളവും കളികളും ഇല്ലാത്ത ഏകാന്തതമായ കുറച്ചു നാളുകൾ. പിന്നീട് മൂന്ന് മാസത്തെ വിസിറ്റിങ് വിസക്ക് ദിവ്യയുടെ അമ്മ വന്നു. നഗരത്തിന്റെ പ്രൗഢി ആസ്വദിക്കാം കൂറേ സ്ഥലങ്ങളൊക്കെ പോയി കാണാം എന്ന സ്വപ്നത്തോടെ വന്ന അമ്മ നാല് ചുമരും അർജുൻ്റെ മുഖവും നോക്കി കാത്തിരിപ്പാണ്, ദീപക്കും ദിവ്യയും ജോലി കഴിഞ്ഞ് വരുന്നതും കാത്ത്. ക്ഷീണിച്ച് അവശരായി വരുന്ന അവരോട് ഭക്ഷണം കഴിച്ച് കിടന്നോളാൻ മാത്രമേ ആ അമ്മയ്ക്ക് പറയുവാൻ കഴിഞ്ഞിരുന്നൊള്ളു. നാട്ടിൽ ഏക്കറുകണക്കിന് പറമ്പിലൂടെ കറങ്ങി നടന്ന ദിവ്യയുടെ അമ്മക്ക് ഫ്ലാറ്റിലെ ജീവിതം വല്ലാത്ത വീർപ്പുമുട്ടലായിരുന്നു. മൂന്ന് മാസം തള്ളി നീക്കുകയായിരുന്നു അവർ.
സ്കൂളിൽ പോകാൻ തുടങ്ങിയ അർജുൻ സ്വയംപര്യാപ്തത കൈവരിക്കുന്നത് വളരെ പെട്ടന്നായിരുന്നു. അർജുനെ രാവിലെ അച്ഛനും അമ്മയും വിളിച്ച് ഉണർത്തും. സ്വന്തം മുറിയിൽ കിടന്നുറങ്ങുന്ന മകൻ എന്നീറ്റു എന്ന് ഉറപ്പുവരുത്തി ദീപക്കും ദിവ്യയും ജോലിക്ക് പോകും. അവൻ എന്നീറ്റ് പ്രാഥമിക കർമ്മങ്ങൾ ചെയ്ത് തയ്യാറാക്കി വെച്ചിരിക്കുന്ന ബ്രഡും ജാമും കഴിക്കും. പിന്നീട് സ്കൂളിൽ പോകാൻ തയ്യാറായി സ്കൂൾ ബസ്സിൽ കേറി യാത്രയാകും. പഠിക്കാൻ മിടുക്കനായിരുന്നു അർജുൻ. എന്നാൽ അവന് സുഹൃത്തുക്കളായിട്ട് ആരുതന്നെ ഇല്ലായിരുന്നു. വയസ്സ് കൂടുന്തോറും ഏകാന്തതയോടുള്ള ഇഷ്ടവും അവന് കൂടി വന്നു. അവൻ്റെ സുഹൃത്തുക്കൾ കമ്പ്യൂട്ടറും മൊബൈലും വീഡിയോ ഗെയിംമും മാത്രമായി ഒതുങ്ങിപ്പോയി. മറ്റുള്ളവരുമായുള്ള സംസാരവും ഇടപെടലുകളും നന്നേ കുറവായിരുന്നു അർജുന്. ഒറ്റ മകനായി വളർന്നു വന്ന അർജുൻ പലപ്പോഴും തൻ്റെ മുറിയിൽ തനിച്ചാണ്. അവൻ്റെ ലോകം ആ നാല് ചുമരുകൾക്ക് ഉള്ളിൽ ഒതുങ്ങിപ്പോയിരുന്നു.
അർജുൻ്റെ പത്താംക്ലാസ് പഠനം പൂർത്തിയായതോടെ അവർ നാട്ടിലേക്ക് തിരികെയെത്തി. ദീപക്കും ദിവ്യയും നാട്ടിലെ ഒരു എെ. ടി കമ്പനിയിൽ ജോലിക്ക് കയറി. എന്നാൽ പെട്ടെന്നുള്ള ജീവിത ശൈലിയിലെ വ്യത്യാസം അർജുനെ തകർത്തു കളഞ്ഞിരുന്നു. അവൻ്റെ സ്വകാര്യത നഷ്ടപ്പെട്ടത് അവനെ വല്ലാതെ ചൊടിപ്പിച്ചു. മാതാപിതാക്കളോടുള്ള അവൻ്റെ സമീപനം ദിവസം തോറും വഷളായി വന്നു. അങ്ങനെയിരിക്കെ ഒരു ദിവസമാണ് അത് സംഭവിച്ചത്. ദീപക്കും അർജുനും വീട്ടിൽ ഒരുമിച്ചായിരിക്കുന്ന ഒരു ദിവസം. അടുക്കളയിൽ ചായവെച്ചുകൊണ്ടിരുന്നു ദീപക്ക്. പതിവില്ലാത്ത അർജുൻ അടുക്കളയിലേക്ക് ചെന്നു. ദീപക്കിനെ ഇത് തെല്ലൊന്നുമല്ല അതിശയിപ്പിച്ചത്. ദീപക് അർജുനോട് പലതും ചോദിക്കുന്നുണ്ടകിലും അവൻ ഒരു മറുപടിയും നല്‍കിയില്ല. പെട്ടെന്നാണ് അർജുൻ്റെ ഭാഗത്തുനിന്ന് ആ നീക്കമുണ്ടായത്.
വൈകുന്നേരമാണ് ദിവ്യ വീട്ടിലേക്ക് തിരിച്ചു വരുന്നത്. അടുക്കളയിലേക്ക് ചെല്ലുന്നയവൾ ചോരയിൽ കുളിച്ച് കിടക്കുന്ന ദീപക്കിനെയാണ് കാണുന്നത്. അവളുടെ നിലവിളികൾ ദീപക്കിൻ്റെ ജീവൻ തിരികെ കൊണ്ടുവരുവാൻ ഉതകുന്നതല്ലായിരുന്നു.
കോടതിയുടെ നിഗമനങ്ങൾ ദീപക്കിന്റെ കുടുംബത്തിന് മാത്രം വിചിന്തനത്തിന് വിധേയമാക്കാനുള്ളതായിരുന്നില്ല. മക്കളുടെ മേലുള്ള കരുതൽ അവർ ആഗ്രഹിക്കുന്ന പ്രായത്തിൽ നൽകാൻ കഴിയാത്ത എല്ലാ മാതാപിതാക്കൾക്കുമുള്ള താക്കീത് കൂടിയാണ്. വളർന്നുവന്ന പ്രായത്തിൽ അർജുൻ്റെ ഒറ്റപ്പെടൽ അവനെ മാനസികമായി തളർത്തീരുന്നു. സ്വന്തം അച്ഛന്റെയും അമ്മയുടെയും സ്നേഹവും പരിലാളനയും ലഭിക്കാതെ വളർന്ന അർജുന് അവരോട് വെറുപ്പും പകയുമായിരുന്നു. മാതാപിതാക്കൾക്കുള്ള സ്ഥാനം അവൻ്റെ മനസിൻ്റെ ഒരു കോണിൽ പോലുമില്ലായിരുന്നു. ജോലി തിരക്കുകൾക്കിടയിൽ സ്വന്തം കുടുംബത്തെ മറക്കരുത് എന്നൊരു താക്കീതുകൂടി നല്‍കിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
നല്ല നാളേയ്ക്കുള്ള മക്കളെ വാർത്തെടുക്കേണ്ടവർ ഭാവിയുടെ ഘാതകരാകരുത്ത്.