നക്ഷത്രരാജകുമാരിമാര്‍ കൂട്ടമായ്‌
നീരാട്ടിനെത്തുന്ന നേരം നിശബ്ദസുന്ദര തീരം
ഇവിടെയീ കല്‍പടവില്‍ ഏകയായവള്‍
കരിമുകില്‍ കാട്ടിലൊളിച്ചിരിക്കും തന്‍
തോഴന്‍ വരുന്നൊരുനേരം കാത്ത്
മഞ്ഞുതുള്ളികളേറ്റു നനഞ്ഞൊരു
പാരിജാത പുഷ്പമോ അതോ
ആഴങ്ങളില്‍ നിന്നും വന്നൊരു ജലകന്യകയോ
ആരാണിവള്‍ നിലാവിനെ സ്നേഹിക്കുന്നവള്‍

ലോകരിവളെ സ്നേഹിക്കുന്നില്ല
തടവിലാക്കി ദ്രോഹിക്കുന്നു
ഈ ജലാശയത്തിന്നടിത്തട്ടില്‍
അതിന്നന്ധകാരത്തില്‍ തണുപ്പ് നിറയുമാഴങ്ങളില്‍
ജീവിതമവസാനിപ്പിക്കാന്‍
മരണത്തില്‍ പൂര്‍ണ്ണമായ്
ആശ്വസിക്കാന്‍ വന്നിരുന്നു അവള്‍
ഏകയായ് മുറിവേറ്റവളായ്
നിലാവിന്‍ മുഖം നദിയില്‍ കണ്ടനേരം
അവളുടെ ജീവിതമാകെ മാറി
അവള്‍ക്ക് സ്നേഹിക്കാനും
അവളെ സ്നേഹിക്കാനും ഒരാള്‍
നിലാവ് നല്‍കീ അവള്‍ക്കൊരു പുതിയലോകം
അവളുടെ ദു:ഖങ്ങള്‍ നിലാവിലലിഞ്ഞു
ഈ ലോകരവള്‍ക്ക് വെളിച്ചം കൊടുക്കില്ലെന്നാല്‍
പരാതിയവള്‍ക്കില്ലേതുമേ
ഇരുട്ട് നിറഞ്ഞൊരാ ജീവിതത്തില്‍
ആശ്വാസമായ് നിലാവുമാത്രം
സ്നേഹിച്ചിടുന്നവള്‍ നിലാവിനെ ഭ്രാന്തമായ്
തന്‍ ജീവിതവും പ്രകാശിക്കുമെന്ന പ്രത്യാശയാല്‍
വെളിച്ചം പകരുമൊരു സ്നേഹനിലാവായ്
സ്വയം മാറുവതിനായ്
ആത്മാവിനാല്‍ അവള്‍ നിലാവുമായ്‌
അത്രമേല്‍ ബന്ധിതമായിക്കഴിഞ്ഞു

ഇളം കാറ്റിലിളകുന്ന വസ്ത്രാഞ്ചലത്തെ
ഇടം കൈയാല്‍ ഒതുക്കിവയ്ക്കുമ്പോള്‍
വിടര്‍ന്നു നില്‍ക്കുന്നൊരീ പുഷ്പവദനത്തില്‍
വീണ മുടിയിഴകള്‍ മാറ്റിടുമ്പോള്‍
നീണ്ടുവിടര്‍ന്ന നേത്രങ്ങള്‍ കൊണ്ടവള്‍
കണ്ടൂ തന്നുടെ പ്രിയതമനെ
കാറ്റ് ചെന്നു പറഞ്ഞിട്ടോ എന്തോ
അവളുടെ ഹൃദയത്തുടിപ്പുകള്‍ നിലാവറിഞ്ഞു
മുകിലിന്‍ മറവില്‍ നിന്നെത്തിനോക്കിയവന്‍
താഴെ നില്‍ക്കും തന്‍ കാമുകിയെ
ആനന്ദദായകം ഈ മുഗ്ദ സൗന്ദര്യം
കാമുകന്‍ തന്നുടെ കണ്ണുകള്‍ക്ക്
താരങ്ങള്‍ സാക്ഷിയായ് ഓളങ്ങള്‍ സാക്ഷിയായ്
അവരിരുപേരുമിന്നൊന്നു ചേര്‍ന്നു.