ജന്മനാ സ്ത്രീശബ്ദവുമായി സാമ്യമുള്ള ആളായിരുന്നൂ അയാൾ. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ പരിഹാസം കൂടെപിറപ്പായിരുന്നു. ഒരു അധ്യാപകനായിരുന്ന അയാൾ തന്റെ
ശബ്ദംകൊണ്ട് മറ്റുള്ളവർക്ക് അറിവ് പകർന്നു നൽകുന്നതിൽ അഭിമാനിച്ചിരുന്നു. പലപ്പോഴും തന്റെ വിദ്യാർത്ഥികളുടെ പോലും പരിഹാസപാത്രമായിരുന്നൂ അയാൾ. അതുകൊണ്ടുതന്നെ
പല ഇരട്ടപ്പേരുകളിൽ പോലും അയാൾ അറിയപ്പെട്ടിരുന്നു. ഒറ്റത്തടി ആയിരുന്നതുകൊണ്ടുതന്നെ ഏകാന്തത അയാൾ ഇഷ്ടപ്പെട്ടിരുന്നു. ചെറുപ്പംമുതലുള്ള ശീലമായതുകൊണ്ടുതന്നെ
പരിഹാസങ്ങളൊന്നും അയാൾക്കൊരു പ്രശ്നമായിരുന്നില്ല എന്നല്ല മറിച് അതൊന്നും അയാൾ പുറത്തുകാട്ടിയിരുന്നില്ല. അങ്ങനെയിരിക്കെയാണ് നാട്ടിൽ ഒരു അപൂർവയിനം പക്ഷി എത്തുന്നത്.
അതിന്റെ ശബ്ദം അയാളുടേതുമായി സാമ്യം തോന്നിക്കുന്നതായിരുന്നു. ആളുകൾക്ക് പറഞ്ഞു ചിരിക്കാൻ ഒരു കാരണം കൂടിയായി. ദിവസങ്ങൾ കടന്നുപോകുന്തോറും
പരിഹാസങ്ങൾ കൂടിക്കൂടി വന്നു. ഒരു ദിവസം ആ വാർത്ത കേട്ട് അയാൾ ഞെട്ടി. ആ പക്ഷി തന്റെ വീടിനു മുന്നിലുള്ള മരത്തിൽ താമസമാക്കിയിരിക്കുന്നു. ആ പക്ഷി തന്റെ ഇണയെ
അന്വേഷിച്ചു എത്തിയാതാണെന്നും അതിനെ അയാൾ സ്വീകരിക്കണമെന്നുള്ള പരിഹാസങ്ങളായി പിന്നെയങ്ങോട്ട്. അങ്ങനെയങ്ങ് പോകുമ്പോഴാണ് അടുത്ത പ്രഹരം.
വീടിനു മുന്നിലെ മരത്തിൽ ആ പക്ഷി ചത്ത് തൂങ്ങിക്കിടക്കുന്നു. അതോടെ അയാൾ മരത്തിൽ കെട്ടിതുങ്ങിമരിച്ചു എന്ന പരിഹാസവുമായി നാട്ടുകാർ. ചത്തുപോയ ആ പക്ഷിയുടെ
ജഡവും തൂക്കിയിട്ടു നാട്ടുകാർ അത് ഒരു ആഘോഷമാക്കി മാറ്റി.

ബഹുമാനപ്പെട്ട പരേതനായാ അധ്യാപകൻ മരണമടഞ്ഞെന്നും ശവമടക്ക് നാളെ എല്ലാരും സംബന്ധിക്കുക എന്ന ബോർഡും തൂക്കി. സഹിക്കാവുന്നതിലും അപ്പുറത്തേക്ക് കാര്യങ്ങൾ
എത്തിയിരുന്നു. താൻ ഏറെ അഭിമാനത്തോടെ ചെയ്തിരുന്ന അദ്ധ്യാപനം അയാൾ അതോടെ ഉപേക്ഷിച്ചു. നാട്ടിൽ ആരോടും മിണ്ടാതെയായി. അപ്പോപ്പിന്നെ അയാൾ ഊമയായി
എന്നായി പരിഹാസം. സഹിക്കാനാവാതെ അയാൾ നാടുവിടുവാൻ തീരുമാനിച്ചു. അങ്ങനെ അയ്യാൾ തന്റെ എല്ലാ സമ്പാദ്യവും ഒരു പിടി ഓർമകളുമായി താൻ ജനിച്ചു വളർന്ന നാടിനോട്
വിടപറഞ്ഞു. എങ്ങോട്ടെന്നറിയാതെ ഒരു യാത്ര. താൻ കയറിയ ബസിലെ അവസാന സ്റ്റോപ്പിലേയ്ക്ക് ടിക്കറ്റെടുത്തു അയാൾ. രാത്രി വളരെ വൈകിയിരുന്നു. പുലർച്ചെ കണ്ടക്ടറുടെ
വിളി കേട്ട് അയ്യാൾ എഴുന്നേറ്റു. “സാർ ഇതാണ് ലാസ്റ് സ്റ്റോപ്പ്‌. വണ്ടി റിട്ടേൺ ആണ് ഇനി പോകുന്നത്. സാറിന് എവിടെയാ പോകേണ്ടത്?.” കണ്ടക്ടർ ചോദിച്ചു. ഒരു പുഞ്ചിരിയോടെ ഒന്നും
മിണ്ടാതെ അയാൾ തലകുലുക്കി അവിടെനിന്നും ഇറങ്ങി. അപ്പോൾ കണ്ടക്ടർ സ്വയം ചോദിച്ചു “ഇയാള് ഊമയാണോ? “. അയാൾ അത് കേട്ടിരുന്നു. പുതിയ നാട്ടിൽ താമസിക്കാൻ ഒരു
വീട് കണ്ടെത്തുകയായിരുന്നു ആദ്യ ലക്‌ഷ്യം. വൈകാതെ തന്നെ ഒരു വീട് കണ്ടെത്തി താമസം തുടങ്ങി അയാൾ. ഭക്ഷണം കഴിക്കാനായി മാത്രം അയാൾ വീടിനു പുറത്തേക്കു
വന്നിരുന്നുള്ളു. കവലയിലെ ഹോട്ടലിൽ നിന്നാണ് ഭക്ഷണം. അവിടെ പോകുമെങ്കിലും ആരോടും ഒന്നും മിണ്ടുകയില്ലായിരുന്നു. പലരും പരിചയപ്പെടാൻ വന്നിരുന്നെങ്കിലും ആരോടും
ഒന്നും മിണ്ടിയില്ല അയാൾ. ദിവസങ്ങൾ കടന്നു പോകുന്തോറും അയാൾ ഊമയാണോ എന്ന സംശയം ആളുകൾക്ക് കൂടിക്കൂടി വന്നു. അവസാനം ഒരു ദിവസം അവരിൽ കുറച്ചുപേർ
ചേർന്ന് അയാളെ വളഞ്ഞു എന്നിട്ടു അയാളോട് “താൻ ഊമയാണോ” എന്ന് ചോദിച്ചു. ഒരു പുഞ്ചിരിയോടെ തലയാട്ടുകയല്ലതെ ഒരു വാക്കു പോലും മിണ്ടിയില്ല അയാൾ.

അയാൾ ഊമയാണെന്നു നാട്ടുകാർ വിശ്വസിച്ചു. ഊമയായ ഒരു സാധുവിനെ തടഞ്ഞുനിർത്തിയതിൽ നാട്ടുകാർ അയാളോട് ക്ഷമ ചോദിച്ചു. അപ്പോഴും പുഞ്ചിരിച്ചുകൊണ്ട്
തലയാട്ടുകയല്ലാതെ ഒന്നും മിണ്ടിയില്ല അയാൾ. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. മുൻപ് സംശയത്തോടെ നോക്കിയിരുന്ന കണ്ണുകൾ ഇപ്പോൾ സഹതാപത്തോടെയാണ് അയാളെ
നോക്കുന്നത്. വെറുതെ ഇരുന്നു മടുത്തപ്പോൾ വീണ്ടും അധ്യാപനം തുടർന്നാലോ എന്ന് അയാൾ ആലോചിച്ചു. പക്ഷെ താൻ ഊമയാണെന്നാണ് നാട്ടുകാർ വിശ്വസിച്ചിരിക്കുന്നത്.
എന്തു ചെയ്യും എന്ന് അയാൾ ആലോചിച്ചു. അങ്ങനെയിരിക്കെയാണ് ആ ആശയം അയാളുടെ തലച്ചോറിൽ ഉടലെടുക്കുന്നത്. ഇതായിരുന്നു ആശയം നാട്ടിലെ സംസാരശേഷിയില്ലാത്തവർക്ക്
അറിവ് പകർന്നു കൊടുക്കുക. തന്റെ ആശയം ഒരു ബോർഡിൽ എഴുതി കവലയിലെ ഹോട്ടലിനു മുന്നിൽ തൂക്കി. താൽപ്പര്യം ഉള്ളവർ നാളെ മുതൽ തന്റെ വീട്ടിൽ എത്തിച്ചേരുക എന്നായിരുന്നു
സന്ദേശം. പ്രതീക്ഷിച്ചപോലെ ആരും തന്നെ എത്തിയില്ല. താൻ ഒരു അധ്യാപകൻ ആണെന്നുകൂടി ആ സന്ദേശത്തോടൊപ്പം അയാൾ ചേർത്തു. തന്റെ സെര്ടിഫിക്കറ്റുകളും ആ
സന്ദേശത്തോടൊപ്പം ബോർഡിൽ പതിച്ചു. പിറ്റേന്നു മുതൽ ആളുകൾ എത്തിത്തുടങ്ങി. അയാൾ താൻ ഏറെ അഭിമാനത്തോടെ ചെയ്തിരുന്ന, ഇഷ്ടപ്പെട്ടിരുന്ന ജോലി വീണ്ടും ചെയ്യുന്നതിൽ
അഭിമാനിച്ചു. കഴിവുള്ളവർ അറിയപ്പെടാൻ അധികം കാലം ഒന്നും വേണ്ടല്ലോ. കഷ്ട്ടപ്പെടുവാനുള്ള മനസ്സും, ക്ഷമയും ഉണ്ടായാൽ മതിയല്ലോ. നമ്മുടെ അധ്യാപകനും അറിയപ്പെട്ടു
തുടങ്ങിയിരുന്നു. അയാളുടെ അറിവും, സ്വഭാവവും മറ്റുള്ളവരെ ഏറെ ആകർഷിച്ചു. അതായത് സംസാരശേയുള്ളവർ പോലും അറിവ് തേടി അവിടെ എത്തിയിരുന്നു.
അങ്ങനെ കുഴപ്പമില്ലാത്ത രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകുമ്പോഴാണ് ഏത് കഥയിലെ പോലെയും ഒരു ട്വിസ്റ്റ് ഇവിടെയും ഉണ്ടാകുന്നത്.

അയാളുടെ ജന്മനാട്ടിൽ നിന്നും ഒരു അഥിതി എത്തിയിരിക്കുന്നു. ഈ നാട്ടിൽ എത്തിയ അതിഥി നാട്ടുകാരിൽ നിന്നും അധ്യാപകനെക്കുറിച്ചു അറിഞ്ഞു. അറിഞ്ഞെന്നുവച്ചാൽ
അറിയുന്തോറും കാണുവാനുള്ള വ്യഗ്രത കൂടിക്കൂടി വരുന്ന അവസ്ഥ. അങ്ങനെ അധ്യാപകനെ കാണണം എന്നായി അതിഥിക്ക്. പിറ്റേന്ന് തന്നെ അധ്യാപകനെ കാണുവാനായി
അഥിതി എത്തി. അവിടെ തടിച്ചുകൂടിയ ആളുകളെ കണ്ടു അമ്പരന്നു പോയി നമ്മുടെ അഥിതി. കാരണം സംസാരശേഷിയുള്ളവർ പോലും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.
അങ്ങനെ ആ കൂട്ടത്തോടൊപ്പം ക്ഷമാപൂർവം അഥിതിയും കാത്തിരുന്നു. കുറച്ചു കഴിഞ്ഞു അധ്യാപകൻ പുറത്തേക്കു വന്നു. എല്ലാവരും എഴുന്നേറ്റു നിന്ന് വണങ്ങി. അഥിതിക്ക്‌
പൊക്കം കുറവായിരുന്നതിനാൽ അധ്യാപകനെ കാണുവാൻ സാധിച്ചില്ല. എല്ലാവരോടും ഇരിക്കുവാൻ അധ്യാപകൻ കൈകൊണ്ടു ആംഗ്യം കാണിച്ചു. എല്ലാരും ഇരുന്നു. അഥിതി
അധ്യാപകനെ കാണുവാനായി ഇരിക്കാതെ നിന്നു. ആൾക്കൂട്ടം അധികമായതിനാൽ അഥിതി വളരെ പുറകിലായിരുന്നു. അതിനാൽ അഥിതി മുന്നിലേയ്ക്ക് കയറി നിന്നു. എന്നിട്ടു
അധ്യാപകൻറെ മുഖത്തേക്ക് നോക്കി. ഒരു നിമിഷം അയാൾ സ്തംഭിച്ചു നിന്നു. ഒരു മിന്നൽ തന്റെ തലയിലൂടെ കയറി നെഞ്ച് തുളച്ചു പോയത് പോലെ തോന്നി. അഥിതി വിയർക്കുവാൻ
തുടങ്ങി.തന്റെ സർവ്വ ശബ്ദമെടുത്ത്‌ അഥിതി ഉറക്കെ വിളിച്ചു പറഞ്ഞു “ഇയാൾ കള്ളനാണ്. ഇയാൾക്ക് സംസാരശേഷിയുണ്ട്. ഇയാൾ ഊമയെപ്പോലെ അഭിനയിക്കുകയാണ്. ഇയാളെ
വിശ്വസിക്കരുത്. ഇയാൾ നിങ്ങളെ ചതിക്കുകയാണ്. കള്ളനാണ് ഇവൻ.”. ഇത് കേട്ട നാട്ടുകാർ ചിലർ അതിഥിയുടെ ചുറ്റും വളഞ്ഞു. “കള്ളം പറയുന്നോടാ” എന്ന് പറഞ്ഞു അഥിതിയെ
മർദിക്കാനൊരുങ്ങി അവർ. അപ്പോൾ അഥിതി പറഞ്ഞു “നിങ്ങള്ക്ക് തെളിവ് വേണമെങ്കിൽ എന്റെ കൂടെ വരൂ. ഇയാൾ എന്റെ നാട്ടുകാരനാണ്. ഇയാളുടെ ശബ്ദം സ്ത്രീകളുടേതുപോലെയാണ്.
ഇയാളെ എല്ലാരും കളിയാക്കുമായിരുന്നു. അത് സഹിക്കാനാവാതെ നാടുവിട്ടു പോയതാണ് ഇയാൾ. അവിടെയും ഇയാൾ അധ്യാപകനായിരുന്നു.”. അപ്പോൾ നാട്ടുകാരിൽ ചിലർക്ക്
അധ്യാപകന്റെ മേൽ സംശയം തോന്നി. അവർ അധ്യാപകനോട് ചോദിച്ചു “ഈ കേട്ടതൊക്കെ സത്യമാണോ?”. പതിവുപോലെ ഒന്നു പുഞ്ചിരിച്ചുകൊണ്ട് അല്ല എന്ന മട്ടിൽ തലയാട്ടി അയാൾ.
പിന്നെ നാട്ടുകാർ ഒന്നും നോക്കിയില്ല അഥിതിയെ നാടുകടത്തി.

പക്ഷെ അപ്പോഴും നാട്ടുകാരിൽ ചിലരിലെങ്കിലും സംശയം ഉണ്ടായിരുന്നു. സത്യം എന്തെന്നറിയാൻ അവർ അധ്യാപകന്റെ നാട്ടിലേക്കു വണ്ടി കയറി. അവിടെയെത്തിയ അവർ അഥിതിയെ
കണ്ടുപിടിച്ചു. അഥിതി മുകേനെ അധ്യാപകനെ പറ്റിയുള്ള എല്ലാ കഥകളും അറിഞ്ഞു. അധ്യാപകന്റെ വീടും, പഠിപ്പിച്ചിരുന്ന വിദ്യാലയവും എല്ലാം അവർ കണ്ടറിഞ്ഞു.
ഈ സത്യം ഉടൻ തന്നെ നാട്ടിൽ അറിയിക്കുന്നതിനായി അഥിതിയോടയൊപ്പം അന്നാട്ടിലെ കുറച്ചു ആളുകളുമായും അവർ യാത്ര തിരിച്ചു. നാട്ടിലെത്തിയ അവർ ഈ വിവരം നാട്
മുഴുവൻ അറിയിച്ചു. അധ്യാപകനും അറിഞ്ഞു ആ വാർത്ത. അങ്ങനെ സത്യം എന്തെന്നറിയാൻ നാട് മൊത്തം അധ്യാപകന്റെ വീട്ടിലേക്കു തിരിച്ചു. അഥിതിയുടെയും അഥിതിയുടെ
നാട്ടുകാരുടെയും മുന്നിൽ നിറുത്തി അധ്യാപകനെ വിചാരണ ചെയ്തു നാട്ടുകാർ. എന്തു ചോദിച്ചിട്ടും തലയാട്ടുകയല്ലാതെ അധ്യാപകൻ ഒന്നും മിണ്ടിയില്ല. അധ്യാപകൻ കള്ളം
പറയുന്നതാവും എന്ന് ഒരു പക്ഷം, അധ്യാപകന്റെ അപരൻ ആയിരിക്കും മറ്റെയാൾ എന്ന് ചിലർ. അധ്യാപകൻ തന്റെ നാട്ടുകാരാണ് ആണെന്ന് തെളിയിക്കാൻ അഥിതിയുടെ പക്കൽ
തെളിവുകൾ ഒന്നും ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് കുറെ കഥകൾ മാത്രം. അധ്യാപകന്റെ വീട് മുഴുവൻ പരിശോധിച്ചിട്ടും ഒരു തെളിവ് പോലും കിട്ടിയില്ല അവർക്ക്‌. അഥിതിക്ക്‌
പോലും സംശയമായി. അവസാനം അധ്യാപകന്റെ അപരൻ ആയിരിക്കും മറ്റെയാൾ എന്ന നിഗമനത്തിലെത്തി നാട്ടുകാർ. അഥിതിക്കും അങ്ങനെ തന്നെ വിശ്വസിക്കേണ്ടി വന്നു.
വിശ്വസിക്കുകയല്ലതെ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല അതിഥിക്ക്. അങ്ങനെ അഥിതിയും അഥിതിയുടെ നാട്ടുകാരും അങ്ങനെ തന്നെ വിശ്വസിച്ചതായി കാണിച് നാട്ടിലേയ്ക്ക് മടങ്ങി.
അഗ്നിപരീക്ഷകൾ ഒക്കെ കഴിഞ്ഞു എല്ലാം ഒന്ന് ശാന്തമായി തുടങ്ങിയിരുന്നു. അങ്ങനെയിരിക്കെ അധ്യാപകൻ തന്റെ കഴിഞ്ഞ കാലം ഓർക്കുകയുണ്ടായി. താൻ ചെയ്ത തെറ്റിൽ
അദ്ദേഹത്തിന് പശ്ചാത്താപവും വിഷമവും ഉണ്ടായിരുന്നു. എല്ലാം എല്ലാവരോടും വിളിച്ചു പറയണമെന്നുണ്ടായിരുന്നു അയാൾക്ക്. പക്ഷെ കഴിഞ്ഞകാല ഓർമകളും വേദനകളും വരാൻ പോകുന്ന
ഭവിഷ്യത്തുകളും അതിനു തടസ്സമായി നിന്നു. ദിവസങ്ങൾ കഴിയുന്തോറും അയാളുടെ മാനസികപിരിമുറുക്കം കൂടിക്കൂടി വന്നു. അങ്ങനെ തന്റെ തെറ്റുകൾ ഏറ്റു പറയാൻ അയാൾ
ഒരു മാർഗം കണ്ടെത്തി. അയാൾ ഒരു കഥ എഴുതുവാൻ തുടങ്ങി. ദിവസങ്ങളോളവും പുറത്തിറങ്ങാതെ അയാൾ ആ വീടിനുള്ളിൽ ചിലവഴിക്കാൻ തുടങ്ങി.

ദിവസവും അധ്യാപകൻറെ വീട്ടിൽ എത്തുന്നവർ നിരാശരായി മടങ്ങിക്കൊണ്ടേയിരുന്നു. കുറേ ദിവസങ്ങളായിട്ടും അധ്യാപകൻ പുറത്തു വരാതെയായപ്പോൾ സംശയം തോന്നിയ നാട്ടുകാർ
അന്വേഷിക്കാനായി അധ്യാപകന്റെ വീട്ടിലേയ്ക്കു പോയി. അവർ കതകിൽ മുട്ടി. കുറെ നേരമായിട്ടും വാതിൽ തുറക്കാത്തതിനാൽ അയാൾക്കെന്തോ പറ്റിയിട്ടുണ്ടാകാം എന്ന് കരുതി
വാതിൽ പൊളിച്ചു അകത്തു കയറാൻ നാട്ടുകാർ ശ്രമിച്ചു. അപ്പോൾ അധ്യാപകൻ പുറത്തേക്കു വന്നു. നാട്ടുകാർ അധ്യാപകനോട് കാര്യം തിരക്കി. താൻ ഒരു കഥയുടെ
പണിപ്പുരയിലായിരുന്നെന്നും അതിനാൽ ആണ് അടച്ചിരുന്നതെന്നും ആംഗ്യ പറഞ്ഞു. എല്ലാവരും സമാധാനത്തോടെ തിരിച്ചുപോയി. അധ്യാപകൻ തന്റെ കഥ പൂർത്തിയാക്കിയിരുന്നു.
അത് പ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹത്തിന് തോന്നി. തന്റെ ആവശ്യം നാട്ടുകാരെ അറിയിച്ചു. നാട്ടുകാർ അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ അധ്യാപകന്റെ കഥ ഒരു പുസ്തകമായി
പ്രകാശനം ചെയ്തു. വൈകാതെ തന്നെ അയാളുടെ കഥ പ്രശസ്തി നേടി. അർഹിച്ച പല പുരസ്‌കാരങ്ങളും അതിനെ തേടി വന്നു ഒപ്പം അധ്യാപകനും പ്രശസ്തി നേടി. അങ്ങനെയിരിക്കെ
അധ്യാപകൻറെ ജന്മനാട്ടിലെ വിദ്യാലയത്തിലെ വായനകളരി എന്ന സംരംഭത്തിന്റെ ഉദ്‌ഘാടനത്തിനായി അധ്യാപകൻ ക്ഷണിക്കപ്പെടുന്നത്. അധ്യാപകൻ ആദ്യം ഒന്ന് മടിച്ചെങ്കിലും
എല്ലാം തുറന്നു പറയാൻ ഉള്ള നേരം വന്നു ചേർന്നിരിക്കുന്നു എന്ന് അദ്ദേഹത്തിന് തോന്നി. അങ്ങനെ എല്ലാം തുറന്നു പറയാൻ അദ്ദേഹം പുറപ്പെട്ടു. അങ്ങനെ കുറെ കാലങ്ങൾക്കു ശേഷം
അധ്യാപകൻ തന്റെ ജന്മനാട്ടിൽ തിരിച്ചെത്തി. താൻ ജോലി ചെയ്തിരുന്ന വിദ്യാലയവും, തന്റെ വിദ്യാർത്ഥികളും, താൻ സഞ്ചരിച്ചിരുന്ന വഴികളും, അങ്ങാടിയും എല്ലാം അയാളെ പഴയ
ഓര്മകളിലേയ്ക്ക് കൂട്ടി കൊണ്ട് പോയി. താൻ ജനിച്ചുവളർന്ന തന്റെ നാട്. ഓർമ്മകളിൽ തങ്ങിനിന്നിരുന്ന സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു. അങ്ങനെ ഉത്‌ഘാടനത്തിനായി
അധ്യാപകൻ എത്തി ചേർന്നു. വിദ്യാലയത്തിലെ ആ വലിയ സ്റ്റേജിൽ മുഖ്യാതിഥിയായി അധ്യാപകൻ ഇരുന്നു. പരിപാടി ആരംഭിച്ചു. അധ്യാപകൻ വായനകളരി ഉത്‌ഘാടനം ചെയ്തു.
രണ്ടു വാക്കു സംസാരിക്കാനായി അദ്ദേഹത്തെ ക്ഷണിച്ചു. അധ്യാപകന്റെ ആംഗ്യ ഭാഷ തർജ്ജിമ ചെയ്തു കൊടുക്കുവാനായി പരിഭാഷകനും ഉണ്ടായിരുന്നു. പക്ഷെ അധ്യാപകൻ
പരിഭാഷകനോട് വേണ്ട എന്ന മട്ടിൽ ആംഗ്യം കാണിച്ചു. അധ്യാപകന്റെ വാക്കുകൾക്കായി എല്ലാരും ശ്രദ്ധയോടെ നിന്നു. അഥിതിയും കൂട്ടത്തിൽ ഉണ്ടായിരുന്നു. അധ്യാപകൻ ഒരു
കൂപ്പുകൈയോടെ എല്ലാരേയും വണങ്ങി. എന്നിട്ട് സംസാരിച്ചു തുങ്ങി. “ഞാൻ ക്ഷമ ചോദിക്കുകയാണ് എല്ലാവരോടും എന്റെ ഈ നാട്ടുകാരോടും, ആ നാട്ടുകാരോടും.”.

“ഞാൻ ഒരു ഊമയല്ല. എനിക്ക് സംസാരശേഷിയുണ്ട്. എന്നാൽ എന്നെ ഊമയാക്കിമാറ്റിയതു ഇവിടുത്തെ ജനങ്ങളാണ്. എന്റെ ശബ്ദവൈകല്യത്തെ പരിഹസിച്ചിരുന്ന നിങ്ങൾ തന്നെയാണ്
അതിനു കാരണക്കാർ. പരിഹാസങ്ങൾ കൊണ്ട് നിങ്ങളെന്നെ നാടുകടത്തുകയായിരുന്നു. എന്നിലെ അധ്യാപകനെ പോലും നിങ്ങൾ ബഹുമാനിച്ചിരുന്നില്ല. ശബ്ദവൈകല്യം എന്റെ തെറ്റല്ല.
നിങ്ങൾ എന്റെ ശബ്ദത്തെ പരിഹസിക്കുമ്പോഴും ആ ശബ്ദം കൊണ്ട് മറ്റുള്ളവർക്ക് അറിവ് പകർന്നു നൽകുന്നതിൽ ഞാൻ അഭിമാനിച്ചിരുന്നു. താങ്ങാവുന്നതിലും അപ്പുറത്തേക്ക്
പരിഹാസങ്ങൾ ആയപ്പോഴാണ് ഞാൻ ജീവന് തുല്യം സ്നേഹിച്ചിരുന്ന എന്റെ നാട് വിട്ടു പോകുവാൻ എന്നെ പ്രേരിപ്പിച്ചത്. മറിച് ജീവൻ വേദിയാണ് എനിക്ക് തോന്നിയില്ല. അന്ന് ഊമയാണ്
ഞാൻ. അന്ന് എന്റെ ശബ്ദം അടഞ്ഞു. അല്ല അടച്ചു നിങ്ങൾ. ഒരു പക്ഷെ നിങ്ങൾ എന്നെ മനസ്സിലാക്കിയിരുന്നുവെങ്കിൽ ഈ നാട് മുഖേനെ ഞാൻ അറിയപ്പെട്ടേനെ. ഞാൻ ചെന്ന് കേറിയ
നാട്ടിൽ സഹതാപത്തോടെയാണ് എന്നെ അവർ നോക്കിയത്. ഞാൻ ഒരു ഊമയാണെന്നു അറിഞ്ഞിട്ടും എന്റെ കഴിവുകളിൽ അവർ വിശ്വസിച്ചു. എന്റെ ശബ്ദം ഞാൻ തന്നെ
മറന്നുതുടങ്ങിയിരുന്നു. അവിടെയും പരീക്ഷണങ്ങൾ എന്നെ തേടി വന്നു. ഒരു പുഞ്ചിരിയോടെ മാത്രം അതിനെ നേരിട്ട് വിജയം കൈവരിക്കുവാൻ എനിക്ക് സാധിച്ചു. ഏതൊരു മനുഷ്യനും
ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. അവയെ പരിഹസിക്കാതെ അവന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അപ്പോഴാണ് അവന്റെ കുറവുകളെ അതിജീവിക്കാൻ അവനെ
കഴിയുന്നത്. പക്ഷെ എന്നോട് നിങ്ങൾ ചെയ്തത് മറിച്ചാണ്. ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനെ ഊമയാക്കി മാറ്റി നിങ്ങൾ. അന്ന് മൃത്യു വരിച്ചതാണ് അവന്റെയുള്ളെ ശബ്ദം. ഇന്ന് ആ ശബ്ദം
വീണ്ടു ജന്മമെടുത്തിരിക്കുകയാണ്. നിങ്ങൾ ഓരോരുത്തരുടെയും പരിഹാസങ്ങൾക്കുള്ള ഉള്ള മറുപടിയായി. എന്റെ ശബ്ദം അന്നും ഇന്നും ഒരുപോലെയാണ്. അന്ന് പരിഹസിച്ച നിങ്ങൾ
ഇന്ന് ഒരു ചെറിയ സഹതാപത്തോടെയെങ്കിലും ആയിരിക്കും കേട്ടിരിക്കുന്നത്. പക്ഷെ എന്റെ ശബ്ദം എന്റെ പുസ്തകത്തിലൂടെയാണ് നിങ്ങളോടു സംസാരിക്കുന്നത്. പരിഹസിച്ച
നിങ്ങളെക്കൊണ്ട് എന്നെ അഭിമാനം കൊള്ളിക്കുന്നു അത്.” നിറകണ്ണുകളോടെ അയാൾ പറഞ്ഞു നിർത്തി.

ഒന്നും സംസാരിക്കാനാവാതെ ഒരു ഊമയെപ്പോലെ ആ അന്തരീക്ഷം നിശ്ചലമായി നിന്നു. അവിടെകൂടിയിരുന്ന ഓരോ ആളുകളും ഒരു നിമിഷത്തേക്ക് ഊമയായതു പോലെ.
അധ്യാപകന്റെ ഈ പ്രസംഗം കാട്ടുതീപോലെ പടർന്നു. അധ്യാപകന്റെ ഇപ്പോഴത്തെ നാട്ടുകാരും അത് അറിഞ്ഞു. എല്ലാവരിലും ഒരേ വികാരമാണ് അതുണ്ടാക്കിയത്. അദ്ധ്യാപകന്റെ
ജന്മനാട് മുഴുവൻ നിറമിഴികളോടെ, കൂപ്പുകൈകളാൽ അദ്ദേഹത്തോട് ക്ഷമ ചോദിച്ചു. ഒരു പുഞ്ചിരിയോടെ ഒന്നും പറയാതെ ഒരു വാക്കു പോലും മിണ്ടാതെ തലയാട്ടുക മാത്രമാണ്
അയാൾ ചെയ്‌തത്‌. തന്നെ ഊമയാക്കി മാറ്റിയ ജനങ്ങളെ ഒരു നിമിഷത്തേക്കെങ്കിലും ഊമയാക്കി മാറ്റുകയാണ് അയാൾ ചെയ്തത്. എല്ലാം അവസാനിച്ചു. കുറെ ദിവസങ്ങൾ കടന്നു പോയി.
എന്തായിരിക്കും അധ്യാപകന്റെ പുസ്തകത്തിലെ കഥ എന്നതിനെപ്പറ്റി അത് വായിക്കാത്തവരിൽ ആകാംഷയുണ്ടാക്കി. അവർ എല്ലാം ഒത്തു ചേർന്നു ഇരുന്നു ആ കഥ വായിക്കാൻ തുടങ്ങി.
ആ കഥയിലൂടെ അദ്ധ്യാപകൻ സംസാരിച്ചപ്പോൾ അത് കേട്ടിരുന്നവർ ഊമകളെപ്പോലെ മിണ്ടാതിരുന്നു. അന്നുമാത്രമല്ല ഇന്നും ആ കഥ മാത്രമല്ല അദ്ധ്യാപകന്റെ എല്ലാ കഥയായും ഊമകളെപ്പോലെ
ഇരുന്നു വായിക്കാനോ, കേട്ടിരിക്കാനോ അവർക്കു സാധിച്ചുള്ളൂ. ആ കഥാസാരം ഇങ്ങനെയായിരുന്നു. “ജീവിതത്തിൽ ആഘോഷങ്ങളുടെ അവസാനനാളുകൾ ആയിരുന്നു അയാൾക്ക്.
വലിയ ഒരു കടം അയാളെത്തേടി എത്തിയിരിക്കുന്നു. അതിനാൽ അവസാനമായി എല്ലാരോടുമൊത്ത് ആഘോഷിച്ചശേഷം നാളെ മുതൽ ആ കടം വീട്ടുവാനായി ഉള്ള കഷ്ടപ്പാടിലേയ്ക്ക്
നീങ്ങുകയാണ് അയാൾ. ആരോടും ഒന്നും മിണ്ടാതെ, ഒന്നും ആഘോഷിക്കാതെ അയാൾ ജീവിച്ചു വര്ഷങ്ങളോളം ആ കടം കഴിയുന്നത് വരെ. അങ്ങനെ ആ കടം വീട്ടി കഴിഞ്ഞപ്പോഴാണ്
ഒരു ഭാഗ്യം അയാളെ തേടി വരുന്നത്. അപ്പോഴേക്കും ജീവിതത്തിന്റെ അവസാനനാളുകളിക്കു എത്തിയിരുന്നു അയാൾ. ഒരു പുഞ്ചിരിയോടെ ആ ഭാഗ്യത്തെ സ്വീകരിക്കാണോ വേണ്ടയോ
എന്ന് ആലോചിച്ചുകൊണ്ടേയിരുന്നു അയാൾ. ഒന്നും മിണ്ടാതെ ഒരു പുഞ്ചിരിയോടെ.”

——————————————————————————————————————-ശുഭം—————————————————————————————————————