ടെക്നോപാര്‍ക്കിലെ ബഹുരാഷ്ട്ര കമ്പനിയായ യു എസ് ടി ഗ്ളോബലിലേക്കുള്ള സാറ ഷെയ്ഖിന്റെ കടന്നുവന്നത് പുതിതൊരു മാറ്റത്തിന് തുടക്കമിട്ടാണ്. കേരളത്തിലെ ഐ ടി മേഖലയിലേക്ക് കടന്നു വന്ന ആദ്യ ട്രാന്‍സ്ജിന്‍ഡര്‍ എന്ന പദവിയാണ് സാറ ഷെയ്ഖ് സ്വന്തമാക്കിയത്. സീനിയര്‍ എച് ആര്‍ എക്സിക്യൂട്ടീവ് ആയി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പിന്നിട്ട വഴികളിലെ ദുരിതങ്ങളെക്കാള്‍ കൈവരിച്ച നേട്ടത്തില്‍ ആഹ്ളാദിക്കുകയാണ് സാറ. ഒപ്പം സാറയെ കൂടെകൂട്ടിയ സഹപ്രവര്‍ത്തകരും.

മുന്‍ കാലങ്ങളില്‍ തന്റെ വ്യക്തിത്വം മറച്ചുവച്ചാണ് സാറയ്ക്ക് പല സ്ഥലങ്ങളിലും ജോലി ചെയ്യേണ്ടി വന്നത്. എന്നാല്‍ ഭിന്നലിംഗക്കാരിയാണെന്ന് വെളിപ്പടുത്തിയ ശേഷം അബുദാബിയിലെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ എത്തുമ്പോള്‍ സാറ ഒരു ദൃഢനിശ്ചയം എടുത്തിരുന്നു, ജീവിതത്തിലെ ഒരു വെല്ലുവിളിയും തന്നെ തളര്‍ത്തില്ല എന്ന്. ആ ദൃഢനിശ്ചയമാണ് ഇന്നത്തെ നേട്ടത്തിനുപിന്നില്‍. പരീക്ഷ കഴിഞ്ഞ് ഇന്റര്‍വ്യൂവിനെത്തുമ്പോള്‍ ആണ് പലപ്പോഴും ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന കാരണത്താല്‍ ജോലിനിഷേധിക്കപ്പെടിരുന്നത്. എന്നാല്‍ യു എസ് ടി ഗ്ളോബലില്‍ ആ വിഷമം ഉണ്ടായില്ലെന്നും സാറ പറഞ്ഞു. സാംസ്കാരിക കേരളവും തൊഴിലിടങ്ങളും ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് നല്‍കുന്ന വലിയ പിന്തുണയാണ് സാറയെ പോലെയുള്ളവര്‍ക്കു പുതിയ തൊഴിലവസരങ്ങള്‍ ഒരുക്കുന്നത്.

കേരളത്തിലെ ഐ ടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രോഗ്രെസ്സീവ് ടെക്കീസിന്റെ തിരുവനന്തപുറം യൂണിറ്റ് പ്രതിനിധികള്‍ സാറയെ നേരിട്ടെത്തി ആശംസകള്‍ അറിയിച്ചു.തന്നെ കാണാനെത്തിയ ഐ ടി കൂട്ടായ്മയുടെ പ്രതിനിധികളോട് സാറാ പങ്കുവച്ചത് ഒരു താമസ സൌകര്യം ഇതുവരെ തരപ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന സത്യമാണ്. ഒരു ട്രാന്‍സ്ജിന്‍ഡര്‍ എന്ന കാരണം കൊണ്ട് സാറക്ക് അത് നിഷേധിക്കപ്പെടില്ല എന്ന ഉറപ്പു കൂടി നല്കുകവാനും സംഘടനാ പ്രതിനിധികള്‍ മറന്നില്ല.കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും ബിഎസ്സി ബോട്ടണി ബിരുദദാരിയാണ് സാറ.