ഓണത്തോടനുബന്ധിച്ച് നമ്മൾ നടത്തിയ റൈസ് ബക്കറ്റ് ചലഞ്ചിന്, നിങ്ങൾ ഓരോരുത്തരും നൽകിയ ഹൃദ്യമായ പിന്തുണയുടെ ഫലമായി 2 ടണ്ണിലേറെ അരി ശേഖരിച്ചു. ശേഖരിച്ച അരിയുടെ ആദ്യ ഘട്ട വിതരണം ഇൻഫോപാർക്കിലെ നമ്മുടെ ഫെസിലിറ്റി ജീവനക്കാർക്കും മൂവാറ്റുപുഴയിലുള്ള ഒരു കോളനിയിലും നടത്തിയിരുന്നു. ബാക്കി ഉണ്ടായിരുന്ന ഒന്നര ടെണ്ണോളം അരി നമ്മളിപ്പോൾ വിതരണം ചെയ്തു കഴിഞ്ഞിരിക്കുന്നു.

ശരിക്കും അർഹതപെട്ട കൈകളിൽ എത്തിക്കുക എന്ന ദൗത്യം ഏറ്റെടുത്തുകൊണ്ട്, നമ്മൾ തിരഞ്ഞെടുത്തത് കുട്ടമ്പുഴ ആദിവാസി മേഖലയിലെ തലവച്ചപാറ എന്ന ഒരു ഉൾ ആദിവാസി ഊരിനെയാണ്. ഏകദേശം 2 മണിക്കൂറിലേറെ, അവിടുത്തെ ജീപ്പിൽ കാട്ടിലൂടെ യാത്ര ചെയ്താൽ എത്തുന്ന, “മുത്തുവൻ” വിഭാഗത്തിൽപെടുന്ന 100ഓളം ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന ഊരാണിത്.

രാവിലെ 5.00 മണിയോടെ ആരംഭിച്ച യാത്ര 11:30തോടെയാണ് തലവച്ചപാറയിലെത്തിയത്. പഞ്ചായത്ത് ഭാരവാഹികളുടെയും മറ്റ് ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ തുടങ്ങിയ ഒരു ചെറിയ ചടങ്ങോടെ അരി വിതരണം ആരംഭിച്ചു. ഇത്, നമ്മൾ ഇൻഫോപാർക്കിലെ ഓരോ ജീവനക്കാരും അവർക്ക് നൽകുന്ന ഒരു ഓണ സമ്മാനമാണ് എന്നാണ് പ്രോഗ്രസീവ് ടെക്കീസിന്റെ പ്രതിനിധികൾ അവരെ അറിയിച്ചത്. വളരെ സന്തോഷത്തോടെയാണ് അവർ ഇത് സ്വീകരിച്ചത്; കൂടാതെ ഇൻഫോപാർക്കിലെ ഏവരോടും അവരുടെ ഹൃദയം നിറഞ്ഞ നന്ദിയുമറിയിച്ചു. ആഹ്ളാദ സൂചകമായി അവരുടെ ഗോത്ര നൃത്തവും നടത്തിയാണ് ഞങ്ങൾ പിരിഞ്ഞത്.

പ്രോഗ്രസീവ് ടെക്കീസിനെ പ്രതിനിധീകരിച്ച് മനു, അജിത്ത് c.s, അഭിഷേക് ജേക്കബ്, അനീഷ് പന്തലാനി എന്നിവർ പങ്കെടുത്തു.